Agriculture
തൊടുപുഴയുടെ നെല്ലറയാണ് അഞ്ചിരി. ഇടുക്കിയിലെ പാടശേഖരങ്ങൾ പലതും വിസ്മൃതിയിലായെങ്കിലും അഞ്ചിരി പാടശേഖരവും കാർഷിക കൂട്ടായ്മയും ഇപ്പോഴും നിലനിന്നുപോകാൻ കാരണം ഇവിടത്തെ കർഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടർന്നു പോരുന്ന നെൽകൃഷിയോടുള്ള ആത്മബന്ധവുമാണ്.
നെൽകൃഷി ഇവിടത്തെ കർഷകർക്ക് നഷ്ടത്തിന്റെ കണക്കുകളാണ് സമ്മാനിക്കുന്നതെങ്കിലും ഇപ്പോഴും നിലമൊരുക്കി കൊയ്ത്തുപാട്ടിന്റെ ശീലുകൾ ഉരുവിട്ട് മുടങ്ങാതെ ഇവർ ഓരോ വർഷവും വിത്തെറിയുമ്പോൾ മനസിൽ നിറയുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. അഞ്ചിരി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ നെൽകൃഷി മുടക്കം കൂടാതെ നടത്തിവരുന്നത്.
കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്
ഒരു നൂറ്റാണ്ടു മുമ്പ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. പതിറ്റാണ്ടുകൾക്കുമുന്പ് ഇവിടെ കുടിയേറി താമസിച്ച കർഷകർ പിന്നീടു നിലംനികത്തി പാടശേഖരമാക്കി മാറ്റുകയായിരുന്നു.
ഇടവെട്ടി പഞ്ചായത്തു മുതൽ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടു കിടക്കുന്ന പാടശേഖരമായിരുന്നു ഇത്. 120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തിൽ നെൽകൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെൽകൃഷി ചെയ്തിരുന്ന നിലത്തിന്റെ വിസ്തീർണം കുറഞ്ഞു.
കൂടുതൽ സ്ഥലത്തും തെങ്ങുൾപ്പെടെ മറ്റു വിളകൾ ഇടം പിടിച്ചു. എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കർഷകർ നെൽകൃഷി ചെയ്തു വരുന്നുണ്ട്.
വറ്റാത്ത ജലലഭ്യത
വർഷത്തിൽ ഒരിക്കൽപോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടശേഖരത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടിൽ ചെറു ചെക്കുഡാമുകളുമുണ്ട്. അതിനാൽ വേനൽക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും.
ഇറിഗേഷൻ വകുപ്പ് നിർമിച്ചിരിക്കുന്ന ചെക്ക് ഡാമും ഇവിടെയുണ്ട്. ഓരോ കർഷകരും പാടത്തേക്ക് ആവശ്യമായ വെള്ളം തിരിച്ചു വിട്ടാണ് കൃഷി ചെയ്യുന്നത്.
വർഷത്തിൽ രണ്ടു കൃഷി
വർഷത്തിൽ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണിൽ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറിൽ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകൻ കൃഷിയും. മുണ്ടകൻ കൃഷി എല്ലാവരും ചെയ്യും.
ഉമ, കുഞ്ഞൂഞ്ഞ്, ഐആർഎസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങൾ. പ്രതിസന്ധി മൂലം ഈ വർഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായത്. വിരിപ്പുകൃഷി സമയത്ത് കനത്ത മഴയായതിനാൽ വിളനാശം ഭയന്നാണ് കൃഷിയിറക്കാതിരുന്നത്.
ട്രാക്ടർ ഉപയോഗിച്ചാണ് നിലം ഒരുക്കൽ. തൊഴിലാളികളും കർഷകരും ചേർന്ന് ഞാറു നടും. വിളവെടുപ്പാകുന്പോൾ പാലക്കാടുനിന്നും യന്ത്രമെത്തിച്ച് കൊയ്ത്തു നടത്തുകയാണ് ചെയ്യുന്നത്.
വിൽപ്പന സപ്ലൈകോ വഴി
സപ്ലൈക്കോയ്ക്കാണ് നെല്ല് വിൽപ്പന നടത്തുന്നത്. കൃഷിയിറക്കി 40 ദിവസത്തിനുള്ളിൽ സപ്ലൈക്കോയിൽ ബുക്ക് ചെയ്യണം. കഴിഞ്ഞയാഴ്ച മുതൽ ഈ വർഷത്തെ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ വർഷം 35 ടണ്‍ നെല്ലാണ് സപ്ലൈക്കോയ്ക്ക് കൈമാറിയത്.
സപ്ലൈക്കോ നിർദേശിക്കുന്ന മില്ലുടമകൾ വാഹനങ്ങളുമായി എത്തി നെല്ല് കൊണ്ടുപോകും. നെല്ല് തൂക്കി ചാക്കിലാക്കി വാഹനത്തിൽ കയറ്റിക്കൊടുക്കണം.
എന്നാൽ സപ്ലൈക്കോയിൽനിന്നു നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസം പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
സർക്കാർ സഹായം
നിലവിൽ നെൽകൃഷി ചെയ്യുന്ന കർഷകർക്ക് കൃഷിവകുപ്പിന്റെ സഹായം ലഭിക്കുന്നുണ്ട്. നെൽകൃഷി പ്രോത്സാഹന പദ്ധതി പ്രകാരം ഹെക്ടറിന് 4,500 രൂപ നിരക്കിലാണ് സബ്സിഡി ലഭിക്കുന്നത്.
ഇതിനു പുറമേ ത്രിതല പഞ്ചായത്തുകൾ നെൽകൃഷിയുടെ കൂലിച്ചെലവുകൾ എന്ന പേരിലും സഹായധനം നൽകാറുണ്ട്. എല്ലാ വർഷവും ഇളംദേശം ബ്ലോക്കും ആലക്കോട് പഞ്ചായത്തും ഇതിനായി ഫണ്ട് നീക്കിവയ്ക്കും.
ഈ സഹായത്താലാണ് കർഷകർ കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്.
പാടശേഖര സമിതി
സജീവമായി പ്രവർത്തിക്കുന്ന അഞ്ചിരി പാടശേഖര സമിതിയാണ് ഇവിടെ കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി ഒപ്പമുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി പാടശേഖര സമിതി പ്രവർത്തിച്ചു വരുന്നുണ്ട്.
തങ്കച്ചൻ മാത്യു കളരിക്കത്തൊട്ടിയിൽ പ്രസിഡന്റും മാത്യു വള്ളോപ്പിള്ളിൽ സെക്രട്ടറിയുമായ ഏഴംഗ ഭരണസമിതിയാണ് ഇപ്പോൾ നേതൃത്വം നൽകുന്നത്.
പഞ്ചായത്തംഗവും സഹകരണബാങ്ക് പ്രസിഡന്റുമായ ടോമി കാവാലം വൈസ് പ്രസിഡന്റും കെ.ആർ. ശശി ഞാറക്കാട്ടിൽ ട്രഷററും ഏബ്രഹാം മുണ്ടയ്ക്കൽ, ഫിലിപ്പ് ജോർജ് പൂവന്തിക്കുന്നേൽ, എം.ജെ. മാത്യു മുണ്ടയ്ക്കൽ എന്നിവർ കമ്മിറ്റിയംഗങ്ങളുമാണ്. അഞ്ചിരിയിൽ സ്വന്തം കെട്ടിടവും ട്രാക്ടറും സമിതിക്ക് സ്വന്തമായുണ്ട്.
പ്രതിസന്ധികളേറെ
വിത്തിറക്കുന്നതു മുതൽ നെല്ല് വിൽപന നടത്തുന്നതുവരെ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് കൃഷിയിറക്കുന്നതെന്നു കർഷകർ പറയുന്നു. പാടങ്ങളിൽ കൃഷിപ്പണികൾ ചെയ്യാൻ ഇപ്പോൾ തൊഴിലാളികളെ കിട്ടാനില്ലായെന്നതാണ് പ്രധാന പ്രതിസന്ധി.
വിരലിലെണ്ണാവുന്ന കർഷക തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നത്. പ്രതികൂല കാലാവസ്ഥ പലപ്പോഴും കർഷകർക്ക് തിരിച്ചടിയായി മാറാറുണ്ട്. മഴ കൂടുതലായി ലഭിച്ചാൽ കൊയ്ത്തു നടക്കില്ല.
പലപ്പോഴും മഴക്കൂടുതൽമൂലം നെൽക്കതിരുകൾ നശിച്ച് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ കൃഷി വകുപ്പിൽനിന്ന് ഒരു രൂപ പോലും ലഭിക്കാറില്ലെന്നു കർഷകർ വ്യക്തമാക്കി.
വിള ഇൻഷുറൻസ് ചെയ്യാറുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരം ലഭിക്കാൻ കാലങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വിതച്ച് 40 ദിവസത്തുള്ളിൽ ഇൻഷുറൻസ് ചെയ്താൽ മാത്രമേ ആനുകൂല്യം ലഭിക്കു.
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പണം സമയബന്ധിതമായി ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. മുൻ വർഷങ്ങളിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് പലപ്പോഴും പിന്നീട് ലഭിക്കുന്നത്.
ഇതിനു പുറമെ കൊയ്ത്ത് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾക്കും പണച്ചെലവേറി. പാലക്കാടു നിന്നും എത്തിക്കുന്ന കൊയ്ത്തു യന്ത്രത്തിന് 3000 രൂപയാണ് മണിക്കൂറിന് വാടക.
ഇത്തരത്തിൽ പ്രതിസന്ധികളേറെയാണെങ്കിലും കൃഷി ഉപേക്ഷിക്കാൻ അഞ്ചിരിയിലെ കർഷകർ തയാറല്ല. കാരണം ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ പച്ച വിരിച്ച നെൽപ്പാടങ്ങൾ.
Leader Page
ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യ ജീവികളെ വെടിവച്ചു കൊന്ന് വന്യ ജീവികളുടെ വംശ വർധനവു തടയണമെന്നും ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള പ്രഫ. മാധവ് ഗാഡ്ഗിലിന്റെ നിർദേശം മുഖവിലയ്ക്കെടുക്കാതിരിക്കുന്ന സർക്കാർ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി തയാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് അക്ഷരം പ്രതി നടപ്പക്കാൻ നടത്തിയ ശ്രമമാണ് വിശ്വപ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ. മാധവ് ഗാഡ്ഗിലിനെ ഇടുക്കിയുടെ ശത്രുപക്ഷത്താക്കിയത്.
ഇടുക്കിയിലെ ജനജീവിതത്തിന്റെ യാർഥ വശം ഗാഡ്ഗിലിനെ ബോധ്യപ്പെടുത്താൻ നിയോഗിക്കപ്പെട്ടവർ യാഥാർഥ്യം മറച്ചുവച്ച് നൽകിയ റിപ്പോർട്ടുകൾ വിശ്വസിച്ച് ഖനനവും പ്രരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നവരുടെ പട്ടികയിലേക്ക് ഇടുക്കിയിലെ സാധാരണ കർഷകരും ഉൾപ്പെടുത്തപ്പെട്ടപ്പോൾ ഉയർന്ന ജനരോഷം വന്ദ്യനായ അധ്യാകപനെ സംശയത്തിന്റെ നിഴലിലാക്കുകയായിരുന്നു.
ലോക പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മലയോരമേഖലയുടെ ശത്രു പക്ഷത്തായത് അല്ലെങ്കിൽ ശത്രു പക്ഷത്താക്കിയത് ഒരു വിഭാഗം പരിസ്ഥിതി പ്രവർത്തകരുടെ നിഗൂഢ പദ്ധതികളായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി സംരക്ഷണത്തിനായി പ്രഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി രൂപീകരിച്ച വെസ്റ്റേണ്‍ ഗാഡ്സ് എക്കോളജി എക്സ്പേർട്ട് പാനൽ, 2011 ഓഗസ്റ്റ് 31ന് കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയത്തിനു സമർപ്പിച്ച വളരെ ഗ്രാഹ്യവും സമഗ്രവുമായ റിപ്പോർട്ടിന്റെ മറപിടിച്ച് കേരളത്തിൽ ഇടുക്കി ജില്ലയിലെയും വയനാട് ജില്ലയിലെയും ജനവാസ മേഖലയ്ക്കു മേൽ കരിനിഴൽ വീഴ്ത്താനുള്ള രാഷ്ട്രീയ -ഉദ്യോഗസ്ഥ-പരിസ്ഥിതിപ്രവർത്തകരുടെ ശ്രമങ്ങളാണ് മാധവ് ഗാഡ്ഗിലിനെ വിവാദത്തിലേക്കു തള്ളിവിട്ടത്.
ഗുജറാത്തു മുതൽ കന്യാകുമാരിവരെ 1,60,000 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള റിപ്പോർട്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, പ്രഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ പ്രവേശിക്കുന്നതിനുള്ള ശ്രമം നടന്നതാണ് വിവാദങ്ങൾക്കു തിരികൊളുത്തിയത്. വേൾഡ് ഹെറിട്ടേജ് പദവിക്കായി ഇന്ത്യ സമർപ്പിച്ച അപേക്ഷ യുനസ്കോ മൂന്നുതവണ തള്ളിയപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിപ്പിക്കാനുള്ള ശ്രമമാണുണ്ടായത്.
യഥാർഥത്തിൽ യുനസ്കോയുടെ ലോക പാരിസ്ഥിക പൈതൃക പദവി നേടുന്നതിനല്ല മാധവ് ഗാഡ്ഗിലിനെക്കൊണ്ട് റിപ്പോർട്ട് തയാറാക്കിച്ചത്. അവിടെ ഗാഡ്ഗിലിനെ സർക്കാർ ചതിച്ചു. ലോക പൈതൃക പദവിയിൽ ഇടം നേടുന്നതോടെ ലഭിക്കാവുന്ന കോടിക്കണക്കിനു രൂപയുടെ വലിപ്പമാണ് അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം. സർക്കാർ നിയോഗിക്കുന്ന കമ്മിറ്റി തയാറാക്കുന്ന റിപ്പോർട്ട് എങ്ങനെ നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടത് സർക്കാരാണ്.
ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ റിപ്പോർട്ട് ജനങ്ങളിൽനിന്നു മറച്ചു വച്ച് റിപ്പോർട്ട് അതേപടി നടപ്പാക്കാനുള്ള നീക്കമാണ് ഉണ്ടായത്. റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഗോവാ ഫൗണ്ടേഷൻ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറായത്. അത് ദീപിക അന്നു റിപ്പോർട്ടു ചെയ്തിരുന്നു.
ഈ രഹസ്യ നീക്കം തന്നെയാണ് മലയോര ജനങ്ങളെ ആശങ്കയിലാക്കിയത്. അതിനു മാധവ് ഗാഡ്ഗിൽ പഴികേട്ടു എന്നു മാത്രം. പശ്ചിമഘട്ടമേഘലയിലെ പരിസ്ഥിതി സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യണമെന്നും ചെയ്യരുതെന്നും ഗാഡ്ഗിൽ റിപ്പോർട്ടിൽ അക്കമിട്ടു പറഞ്ഞു. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് പശ്ചിമഘട്ടത്തെ മൂന്നു സോണുകളായി തിരിച്ചാണ് സംരക്ഷണ മാർഗനിർദേശങ്ങൾ ഇറക്കിയത്. ഇതിൽ വെള്ളം ചേർക്കനും ശ്രമം ഉണ്ടായി.
അക്കാഡമിക് വിദഗ്ധൻ എന്ന നിലയിൽ പഠനങ്ങളുടെയും അനുബന്ധ പഠന രേഖകളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലെ വാക്കുകൾ അതേപടി നടപ്പാക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷേഭങ്ങൾ ഒന്നായി അതു മാറുകയും ചെയ്തു.
പശ്ചിഘട്ട അഥോറിറ്റി രൂപീകരിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശം ജനകീയമായി ക്രമീകരിക്കാൻ ശ്രമമുണ്ടായില്ല. റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ അഥോറിറ്റിയാണ് ഗാഡ്ഗിൽ നിർദേശിച്ചത്. ജനപ്രതിനിധികൾ അതോററ്റിയിൽ ശിപാർശചെയ്യപ്പെട്ടില്ല. അതിനു പരിഹാരം ഉണ്ടാക്കിയില്ല. 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശത്ത് തന്നാണ്ടു കൃഷികൾ പാടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മണ്ണൊലിപ്പ് തടയുകയായിരുന്നു ലക്ഷ്യം. ഇത് ഫലപ്രദമായി ജനങ്ങളോടു വിശദീകരിക്കാനൊ അതിനു പ്രതിവിധി നിർദേശിക്കാനോ സർക്കാർ തയാറായില്ല.
വിദേശി വിത്തുകളും വൃക്ഷങ്ങളും അവഗണിക്കണമെന്ന റിപ്പോർട്ടിലെ നിർദേശവും ശരിയായ രീതിയിൽ അവതരിപ്പിക്കപ്പെട്ടില്ല. യൂക്കാലിപ്റ്റസും അക്കേഷ്യയും ഉൾപ്പെടയുള്ള വിദേശ വൃക്ഷങ്ങളുടെ ദുരന്തം മുന്നിലുള്ളതാണ്. എല്ലാ പ്രവർത്തനങ്ങളും ഗ്രാമ സഭകൾ കൂടി തീരുമാനിക്കണമെന്ന് ഗാഡ്ഗിൽ നിർദേശിച്ചു. പ്രരിസ്ഥിതി സംരക്ഷണത്തിനായി കർഷകർക്കു സാന്പത്തിക സഹായം നൽകണമെന്നും റിപ്പോട്ടിൽ പറയുന്നു. നമ്മുടെ നാട്ടിലെ ഗ്രാമസഭകൾക്ക് ഇക്കാര്യത്തിൽ എത്രമാത്രം കാര്യമാത്ര പ്രസക്തമായി തീരുമാനങ്ങൾ എടുക്കാനാകുമെന്നത് പുനർ വിചിന്തനം ചെയ്യേണ്ടതാണ്.
പരിസ്ഥിതി സംരക്ഷിക്കുന്ന കർഷകർക്കുള്ള സാന്പത്തിക സഹായം സാധാരണക്കാരുടെ കൈകളിലെത്തുമെന്ന് ഗാഡ്ഗിൽ കരുതി. കാർബണ്‍ ബഹിർഗമനം കുറയ്ക്കാൻ നാടൻ പശുക്കളെ വളർത്താൻ റിപ്പോർട്ടിൽ ശിപാർശചെയ്തു. എന്തുകൊണ്ടാണിതെന്നും കാലിവളർത്തൽ മുഖ്യ ജീവനോപാധിയായ ഇടുക്കി പോലുള്ള പ്രദേശത്ത് ഇത് എങ്ങിനെ നടപ്പാക്കാമെന്നും സർക്കാർ വിശദീകരിച്ചില്ല.
പരിസ്ഥിതി സംരക്ഷണം പോലുള്ള പരിപാടികൾ നിർദേശിക്കാനുള്ള ത്രാണിയോ ശേഷിയോ ഗ്രാമസഭകൾക്കില്ലെന്നതും ഇതു ദുരുപയോഗം ചെയ്യപ്പെടുമെന്ന യാഥാർഥ്യവും ബന്ധപ്പെട്ടവർ മറച്ചുവച്ചു. ഇന്ത്യൻ ഭരണഘടന ശക്തമാണെങ്കിലും അതു കൈകാര്യം ചെയ്യുന്നവർ ദുഷിച്ചാൽ ഭരണഘടനയും ദുഷിക്കുമെന്ന് ഡോ. അബേദ്ക്കറുടെ വാക്കുകൾ ഇവിടെയും പ്രസക്തമാണ്.
ആറുസംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മേഖലയിൽ ഏറ്റവും വലിയ ജനവാസമേഖലകൾ ഉൾപ്പെടന്നത് കേരളത്തിലാണ്. ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല. അതാണ് ഇവിടെ പ്രതിഷേധം ശക്തമാകാൻ കാരണം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ മറപിടിച്ച് ചിലരുടെ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വേദനിച്ച പച്ചയായ ശ്രേഷ്ഠനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ വിടപറയുന്പോൾ ഇപ്പോഴെങ്കിലും യാഥാർഥ്യങ്ങൾ സ്മരിക്കപ്പെടണം.
Kerala
ഇടുക്കി: യുവതിയെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പുതറ മത്തായിപ്പാറ എം.സി.കവലയ്ക്കു സമീപം മലേക്കാവില് രജനിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ സംഭവത്തിനുശേഷം കാണാതായി. രജനിയെ കൊലപ്പെടുത്തിയ ശേഷം സുബിന് ഒളിവില്‍ പോയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇളയ കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പിന്നീട് പോലീസും സ്ഥലത്തെത്തിയത്.
സുബിന് പരപ്പില്‍ നിന്നുള്ള ബസില്‍ കയറിപ്പോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ കലഹം പതിവായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതികളും ലഭിച്ചിരുന്നു.
രജനി ഇടയ്ക്കിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വീട്ടില്‍ ഒരുമിച്ച് താമസമാരംഭിച്ചത്. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Kerala
ഇടുക്കി: കാപ്പിക്കുരു പറിക്കുന്നതിനിടെ വയോധികനെ കാട്ടാന ആക്രമിച്ചു. ഇടുക്കി മാങ്കുളത്തുണ്ടായ സംഭവത്തിൽ പരിക്കേറ്റ താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ സതീശനെ ആന ചവിട്ട പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കാട്ടാനയെ തുരത്തിയശേഷം സതീശനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ആനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമം ആരംഭിച്ചെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Kerala
ഇടുക്കി: വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഭര്‍ത്താവ് ഒളിവില്‍. ഉപ്പുതറ എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിൻ (38) ആണ് മരിച്ചത്.
രജനിയുടെ ഭര്‍ത്താവ് സുബിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന ഇവരുടെ ഇളയ മകന് വീട്ടിലെത്തിയപ്പോഴാണ് രജനിയെ തലയ്ക്കടിയേറ്റ് ചോര വാര്‍ന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് ഉപ്പുതറ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സുബിനും രജനിയും തമ്മില്‍ മുമ്പ് വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു.
പ്രശ്നത്തില്‍ ജന പ്രതിനിധികളും ഇടപെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. മൂന്നു മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
Kerala
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.
വെളുപ്പിനെ ഒന്നോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.
Kerala
ഇടുക്കി: പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇരട്ട സഹോദരങ്ങളെ പോലീസ് തെരയുന്നു. ഇടുക്കി നെടുങ്കണ്ടം ബോജൻ കമ്പനിയിലുണ്ടായ സംഭവത്തിൽ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്.
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മുരുകേശന്റെ അനുജൻ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി നെടുങ്കണ്ടത്താണ് താമസിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ഇടുക്കി: സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്. നേതൃത്വത്തിന് വഴിതെറ്റി. സംഘടനാ സംവിധാനം ആകെ തകർന്നു.
സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യം പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നത് എന്തു കൊണ്ടെന്ന് അറിയില്ല. തനിക്ക് ഒരു ഇടമില്ലെന്ന് ബോധ്യമായി.അതിനാലാണ് പിന്മാറുന്നത്.
നടപടി ഭയക്കുന്നില്ല. പാർട്ടി അനുവദിക്കുമെങ്കിൽ സാധാരണ പ്രവർത്തകനായി തുടരും. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പൂർവ കാല ചരിത്രം അറിയാം. പാർട്ടിക്ക് സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കാൻ കഴിയണം. തന്റെ തീരുമാനം ജനം ചർച്ചചെയ്യട്ടെ.
സംസ്ഥാന നേതൃത്വം ഇടുക്കിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല. ഇടുക്കിയിലെ കൈയേറ്റ വിഷയത്തിൽ തുറന്ന നിലപാട് എടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് പാർട്ടി സെക്രട്ടറിയോട് പല തവണ ആവശ്യപ്പെട്ടതാണ്.
അത് ഇതുവരെ ഉണ്ടായില്ല. കമ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെ അല്ല ഇപ്പോൾ പോകുന്നത്. സിപിഐയിൽ കുറെ കാലമായി വിമർശനവും സ്വയം വിമർശനവുമില്ല. ഇടുക്കി ജില്ലയിൽ പാർട്ടി തകർന്നെന്നും കെ.കെ. ശിവരാമൻ തുറന്നടിച്ചു.
TRAVEL
തെക്കിന്റെ കാഷ്മീർ മൂന്നാർ അതിശൈത്യത്തിലേക്ക്, സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയും മൂന്നാറിൽ അനുഭവപ്പെടുന്നുണ്ട്.
മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ വ്യാപകമായി മൂന്നാറിലെത്തിത്തുടങ്ങി.
മൂന്നാർ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.
പ്രദേശത്തെ പുൽമേടുകളിൽ മഞ്ഞുവീണതോടെ ഇത് സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന ദൃശ്യവിരുന്നായി മാറി. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് അടുത്ത ദിവസങ്ങളിൽ വർധിക്കും.
Kerala
ഇടുക്കി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തിൽ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ജിൻസന്റെ സഹോദരൻ ജെയ്സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
ഇടുക്കി: മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കെ. കൃഷ്ണൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായ ഒരു ഘട്ടം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും ഷട്ട് ഡൗൺ ചെയ്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്ന വേളയിൽ, പദ്ധതിയുടെ ജീവനാഡിയായ പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തി. 7.01 മീറ്റർ വ്യാസമുള്ള ഈ പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗം വിശദമായി പരിശോധിച്ചു.
പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്.
കൂടാതെ, ആശയവിനിമയം തടസപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി. ഹാം റേഡിയോ ലൈസൻസുള്ള മനോജ് ആണ് ഇതിനായുള്ള റേഡിയോ സെറ്റ് ഒരുക്കി നൽകിയത്. ഡാം സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ എസ്. സൈന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജൂൺ ജോയ്, അസിസ്റ്റന്റ് എൻജിനിയർമാരായ രാഹുൽ രാജശേഖരൻ, ജയപ്രകാശ്, എം.ബി. ബൈജു എന്നിവരാണ് സാഹസികമായ ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പദ്ധതിയുടെ സുരക്ഷയ്ക്കായി അതിസാഹസികമായി ടണലിനുള്ളിൽ പ്രവേശിച്ച് പരിശോധന പൂർത്തിയാക്കിയ ഡാം സേഫ്റ്റി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. വൈദ്യുതി ഉത്പാദനത്തിൽ മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ അർപ്പണബോധം ശ്ലാഘനീയമാണ്.
Kerala
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ ഇടുക്കിയിൽ കോൺഗ്രസും ലീഗും ഇടയുന്നു. അടിമാലി ഡിവിഷൻ തങ്ങൾക്കുവേണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് തള്ളി.
ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ മുന്നണി വിട്ട് മത്സരിക്കുമെന്ന് മുസ്ലിം ലീഗ് അടിമാലി താലൂക്ക് പ്രസിഡന്റ് ബഷീർ പഴംപള്ളിത്താഴം പറഞ്ഞു. കോട്ടയം ജില്ലയിലും കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കം തുടരുകയാണ്.
മുണ്ടക്കയം, എരുമേലി ഡിവിഷനുകളിൽ ഒന്ന് തങ്ങൾക്കുവേണമെന്നാണ് ലീഗിന്റെ എന്നാൽ ഈ രണ്ടു സീറ്റു വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറല്ല. വയനാട്ടിലും സീറ്റ് വിഭജനത്തിൽ തർക്കം രൂക്ഷമാണ്. കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലാണ് തർക്കം.
സുൽത്താൻബത്തേരി നഗരസഭയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തീരുമാനിച്ചു. സിറ്റിംഗ് സീറ്റായ തേലംപറ്റ നൽകാതത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കുന്നത്. ഈ ഡിവിഷനിൽ സ്വന്തം സ്ഥാനാർഥിയെ നിറുത്തുമെന്നും നേതാക്കൾ പറഞ്ഞു.
Kerala
ഇടുക്കി: ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വ്യാപക നാശം. കുമളി ഒന്നാം മൈൽ ഭാഗത്തെ കടകളിലും വീടുകളിലും വെള്ളം കയറി.
ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ.റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
അതേസമയം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Kerala
ഇടുക്കി: സിങ്കുകണ്ടത്ത് വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ഇന്നു പുലര്‍ച്ചെ പ്രദേശത്തെത്തിയ ചക്കക്കൊമ്പന് ഒരു വീട് പൂര്‍ണമായും ഇടിച്ചുനിരത്തി. മുതുപ്ലാക്കല്‍ മറിയക്കുട്ടിയുടെ വീടാണ് കാട്ടാന തകര്‍ത്തത്.
ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. മറിയക്കുട്ടി ചികിത്സാവശ്യത്തിനായി പോയിരിക്കുകയായിരുന്നു. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സമീപവാസിയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇയാള്‍ ഇറങ്ങി നോക്കിയെങ്കിലും ആന വരുന്നതറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.
വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ത്താണ് ആന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് നാട്ടുകാരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി.
പ്രദേശത്ത് പതിവായെത്തി നാശം വിതയ്ക്കുന്ന ചക്കക്കൊമ്പനെ പിടികൂടി ഇവിടെ നിന്നു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
National
11 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. വയനാട്ടിലും ഇടുക്കിയിലും മഴ കനക്കുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ അറബിക്കടൽ മുതൽ ജാർഖണ്ഡ് വരെ രൂപപ്പെട്ട ന്യൂനമർദപാത്തിയാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കാനിടയാക്കുന്നത്.